Saturday, April 14, 2012

സൗഹൃദം

മഴ നനഞ്ഞത് നമ്മള്‍ ഒരുമിച്ചായിരുന്നു 

അപ്പോള്‍ ഞാന്‍ കരുതി നിനക്കും 

 എന്നെപ്പോലെ കുളിരാണെന്ന്..
പൂന്തോട്ടത്തിലൂടെ കൈകോര്‍ത്തു നടന്നപ്പോള്‍ 
എനിക്ക് കിട്ടിയ പനിനീര്‍പ്പൂ സുഗന്ധം നീയും

നുകര്‍ന്നുവെന്നു ഞാന്‍ വൃഥാ കരുതി...

കടല്‍ത്തീരത്തെ ശീതക്കാറ്റേറ്റു 
ഞാന്‍ മുഖം തുടയ്ക്കുമ്പോള്‍ 

നിന്റെ കവിളിലും ഉപ്പുപരലുകള്‍  കണ്ടിരുന്നു....
അപ്പോഴൊന്നും ഞാനറിഞ്ഞിരുന്നില്ല..

നിന്റെ ആകാശസീമയില്‍ 
കാര്‍മേഘമായി മൂടിനിന്നു 
ഞാന്‍ നിന്റെ അന്തരീക്ഷത്തെ 
വീര്‍പ്പുമുട്ടിക്കുകയായിരുന്നെന്നു...

അതിനാല്‍ കൂട്ടുകാരീ
നിന്റെ വിഹായസ്സില്‍ നിന്നും 
ഞാനെന്‍റെ സൗഹൃദത്തിന്റെ
മഴമേഘങ്ങളെ തിരിച്ചു 

വിളിക്കുന്നു.....

വേര്‍പാടിന്റെ കൊടുങ്കാറ്റിനാല്‍

അവയെ നയിച്ച്‌ 
എന്റെ ആത്മസംഘര്‍ഷത്തിന്റെ 

അലയാഴിയില്‍ ഒരു മഴയായി 

ഞാന്‍ പെയ്യിച്ചു കൊള്ളാം ........ 


Monday, April 9, 2012

സായാഹ്നം


"നീ എന്റെ ഒരു സായാഹ്നം മദ്യത്തില്‍ മുക്കി നശിപ്പിച്ചു...ഇനി അത് ചെയ്യരുത്‌ "

കുറച്ചു ദിവസം മുന്‍പ്‌ അവളെന്നോട് പറഞ്ഞു...

ഇന്നലത്തെ എന്റെ സായാഹ്നം അവളോടൊപ്പം ആയിരുന്നു..

അക്കേഷ്യ മരങ്ങളുടെ നിഴലിനു നീളം വെയ്ക്കുന്നതും 

അവയ്ക്കിടയില്‍ ഇരുള് പരക്കുന്നതും
ഞങ്ങള്‍ ഒരുമിച്ചിരുന്നു കണ്ടു...

മരങ്ങള്‍ക്കിടയിലൂടെ പോയ 
മറ്റു പെണ്‍കുട്ടികളെ ഞാന്‍ ശ്രദ്ധിച്ചപ്പോള്‍ 
അവളുടെ മുഖത്തെ അനിഷ്ടം പ്രകടമായിരുന്നു..

തിരികെ തണുത്ത കാറ്റേറ്റ് യാത്രയാകുമ്പോള്‍ 
അവള്‍ക്ക് ഞാനൊരു സന്ദേശം അയച്ചു ...

"ഇന്നത്തെ എന്റെ സായാഹ്നം അവിസ്മരണീയമാക്കിയതിനു നന്ദി" .

മറുപടി "സ്വാഗതം " കൂടെ ഒരു പുഞ്ചിരി ( :) ) യും....

"ഈ സ്വാഗതം നാളത്തെ സായാഹ്നത്തിലെയ്ക്ക് ആണോ ? അതോ വരുന്ന എല്ലാ സായഹ്നങ്ങളിലെയ്ക്കും?? ജീവിത സായാഹ്നം വരേയ്ക്കും???"

അവളുടെ മറുപടി മൌനമായിരുന്നു ....

മഞ്ഞുകട്ടയെക്കാള്‍ തണുപ്പുള്ള 
മരണത്തെക്കാള്‍ മരവിച്ച മൌനം........