Thursday, August 2, 2012

പ്രണയം - നഗരം -കടല്‍


 • കടല്‍ത്തീരം


“കടലിനോടു എനിക്കെന്നും ഒരു തരം പേടി കലര്‍ന്ന ബഹുമാനമാണ്. കടലിലിറങ്ങുകയും നീന്തുകയും ഒക്കെ ചെയ്യുമെങ്കിലും  എന്‍റെയുള്ളില്‍ എപ്പോഴും ഒരു ഭയം ഉണ്ടാകും.”


സുഹൃത്ത് അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ ഒരു തിര വന്നു ഞങ്ങളുടെ പാദങ്ങളെ തഴുകിയിറങ്ങിപ്പോയി. ബസന്ത്നഗര്‍ ബീച്ച് ഒരുത്സവ സ്ഥലം പോലെ തോന്നി . ചെന്നൈ നഗരം മുഴുവന്‍ അവിടെ ഒത്തു കൂടിയ പോലെ....ബീച്ച് ജനനിബിഡമായിരുന്നു...പ്രകാശപൂരിതവും.. പ്രണയജോഡികളും ദമ്പതികളും  ,കുട്ടികളും , കച്ചവടക്കാരും ,വേശ്യകളും,ഹിജഡകളുമെല്ലാം നഗരജീവിതത്തിന്‍റെ വൈവിധ്യങ്ങളുടെ പ്രതിനിധികളെപ്പോലെ കടല്‍ത്തീരത്ത് സമ്മേളിച്ചു. പ്രണയജോഡികള്‍ കടല്‍ കണ്ടു ,ദമ്പതികളും, കച്ചവടക്കാരും, ചൂതാട്ടക്കാരും വേശ്യകളും, ഹിജഡകളും  കടല്‍ കണ്ടു .ഇവരൊക്കെക്കൂടി സൃഷ്ടിക്കുന്ന ചലനങ്ങളും ഇളകിയാടുന്ന നിഴലുകളും വര്‍ണ്ണപ്രകാശങ്ങളും ഇടയ്ക്കിടെ പ്രതിഫലിപ്പിച്ചു കൊണ്ട് ചെറുതായി  അലയടിക്കുന്ന ഇരുട്ടിനെപ്പോലെ കടല്‍ ശാന്തമായിക്കിടന്നു. കളിപ്പാട്ടവില്‍പ്പനക്കാരന്‍റെ കയ്യിലെ പ്രകാശിക്കുന്ന പമ്പരത്തിന്‍റെ വെളിച്ചം കൂട്ടുകാരന്‍റെ കണ്ണില്‍ പ്രതിഫലിച്ചു.പല നിറങ്ങളില്‍ തിളങ്ങുന്ന കണ്ണില്‍ നോക്കി കൊണ്ട് ഞാന്‍ പറഞ്ഞു:“എനിക്ക് കടലിനോടെന്നും ഭയം തന്നെയാണ്. ആഴങ്ങളില്‍ കടലൊളിപ്പിച്ചു വെച്ചിരിക്കുന്ന അജ്ഞേയമായ ഇരുള്‍ നിറഞ്ഞ ജലൌഘത്തിനോടുള്ള ഭയം.. ഒരു കോ ഓര്‍ഡിനേറ്റ് സിസ്റ്റത്തിന്‍റെ ഫ്രെയിം ഓഫ് റെഫെറന്‍സ് ഉപയോഗിച്ച് ലോക്കേറ്റ് ചെയ്യാനെളുപ്പമല്ലാത്ത ആ ത്രീ ഡയമന്‍ഷനല്‍ സ്പെസിലെയ്ക്ക്, ഇരുട്ടിലേയ്ക്കു കടല്‍ത്തിരകള്‍ എന്നെ വലിച്ചു കൊണ്ട് പോകുന്ന തരത്തിലുള്ള സൈക്കഡലിക്ക് സ്വപ്‌നങ്ങള്‍ എന്നെ പലപ്പോഴും ഭയപ്പെടുത്താറുണ്ട്‌ .“

ഒരു എയ്റോപ്ലെയിന്‍ തീരത്തിന് സമാന്തരമായി ചക്രവാളത്തിലൂടെ കുറെ ദൂരം പോയ ശേഷം തീരത്തേയ്ക്ക് തിരിഞ്ഞു, നഗരത്തിന്‍റെ വൈദ്യുത  വിളക്കുകള്‍ക്കിടയിലേയ്ക്കൂളിയിട്ടു.
അത്തരമൊരു സൈക്കഡലിക്ക് യാഥാര്‍ഥ്യത്തില്‍ എന്നെ കടല്‍ത്തിരകള്‍ വിഴുങ്ങാന്‍ ശ്രമിക്കുന്നതിനു ദൃക്സാക്ഷിയായിട്ടുള്ളത് കൊണ്ടാകാം കൂട്ടുകാരന്‍ നിശബ്ദനായി . കൈകോര്‍ത്തു പിടിച്ചു കൊണ്ട് ഒരു ജോഡി പ്രണയിനികള്‍ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി.നനഞ്ഞ മണലില്‍ അവര്‍ അവശേഷിപ്പിച്ച ആഴമുള്ള കാല്‍പ്പാടുകള്‍ നോക്കി ഞാനിരുന്നു. ഒരു വലിയ തിരയുടെ ഗാഢമായ ചുംബനത്തില്‍ ആ കാല്‍പ്പാടുകള്‍ മാഞ്ഞു പോയി.ഞാന്‍ ചിന്തകളിലെയ്ക്ക് വഴുതി വീണു.

‘ഞാനെന്തിനാണ് പലപ്പോഴും ഒറ്റയ്ക്ക് കടല്‍ത്തീരത്ത് പോയിരുന്നത്? എന്നെപ്പോലെ മറ്റാരെങ്കിലും അങ്ങനെ ചെയ്യാറുണ്ടോ? എന്തായാലും ഞാനൊറ്റയ്ക്ക് പലപ്പോഴും ശംഖുമുഖം കടപ്പുറത്ത് പോയിരുന്നു.കല്‍മണ്ഡപത്തിനു കീഴെ ബൈക്ക് വെച്ചിട്ട് ഇയര്‍ഫോണിലെ  റേഡിയോ സംഗീതവും കേട്ട് , കയ്യിലെ കടലാസ് പൊതിയില്‍ നിന്ന് കടലയും കൊറിച്ചു ഞാന്‍ തീരത്ത് കൂടി നടക്കാറുണ്ടായിരുന്നു.അനന്തപുരിയുടെ വൈവിദ്ധ്യങ്ങളുടെ ഘോഷയാത്ര തീരത്ത് കൂടി വരുമ്പോള്‍ അതിനിടയിലൂടെ അലോക്കേഷന്‍ അഡ്രസ്സ് നഷ്ടപ്പെട്ട ഒരു ഹാര്‍ഡ്ഡിസ്ക് ഫയലിനെപ്പോലെ മറ്റുള്ളവര്‍ക്ക് അജ്ഞാതനായി ഞാനും നടന്നു നീങ്ങും. ആ ഘോഷയാത്രകളിലെ ആളുകള്‍ പലരും എനിക്ക് അപരിചിതര്‍ ആയിരുന്നു.നമ്മെത്തന്നെ കണ്ടെത്താനുള്ള യാത്രകളില്‍ എതിരെ വരുന്നവര്‍ പലപ്പോഴും നമുക്ക് അപരിചിതരായിരിക്കും.അറിയാത്ത ഭാഷ സംസാരിക്കുന്നവര്‍ ആയിരിക്കും.ആ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ എവിടെയോ എന്‍റെ ഭാഷ അറിയാവുന്നതെന്ന് ഞാന്‍ വിശ്വസിച്ചവള്‍ ഉണ്ടായിരുന്നു.പക്ഷെ എന്‍റെ കടല്‍ത്തീര സായാഹ്നങ്ങളില്‍ എപ്പോഴോ തിരകളിലാടി മൂടല്‍മഞ്ഞിനിടയിലെയ്ക്ക് പോയ ഒരു വഞ്ചിയിലവള്‍ അപ്രത്യക്ഷയായി......’

 • പച്ചപ്പ്‌


ഒരാള്‍ക്ക്‌ എല്ലാക്കാലത്തും ഒരാളോട് മാത്രം പ്രണയം തോന്നുക എന്നത് അസാദ്ധ്യമാണ്.അഥവാ അങ്ങനെ ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് ഒട്ടും ആത്മാര്‍ഥത ഇല്ലാത്ത വെളിപ്പെടുത്തല്‍ ആകും.”


റോളിംഗ് പേപ്പറിനുള്ളിലെ  പച്ചപ്പിനു തീ കൊടുത്തുകൊണ്ട് കൂട്ടുകാരി പറഞ്ഞു.
 


“അവള്‍ക്ക് നിന്നോട് മാത്രമായിരുന്നില്ല പ്രണയമുണ്ടായിരുന്നത്... അവളതു നിന്നോട് വളരെ സത്യസന്ധമായി തന്നെ പറഞ്ഞിട്ടുണ്ട്...She is honest in that case yaar....

വാക്കുകള്‍ക്കൊപ്പം പുറത്തേയ്ക്ക് വന്ന വെളുത്ത പുക അവള്‍ക്കും എനിക്കുമിടയില്‍ ഒരു മതില്‍ തീര്‍ത്തു ...ആ മതിലിനുള്ളിലൂടെ അവള്‍ ജോയിന്റ് എനിക്ക് വെച്ച് നീട്ടി...


“പക്ഷെ മറ്റുള്ളവരെ ഇഷ്ടപ്പെടുന്നതിനൊന്നും സ്വാതന്ത്ര്യക്കുറവ് അവള്‍ക്കു ഞാനുമായുള്ള ബന്ധത്തില്‍ ഉണ്ടായിരുന്നില്ല...എന്തും എന്നോട് തുറന്നു പറയാനുള്ള ഒരു വിശാലമായ സ്പേസ് ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു...ഈ പറയുന്ന മറ്റുള്ളവരുടെ എല്ലാം കാര്യങ്ങള്‍ എന്നോടവള്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു...പക്ഷെ അവര്‍ക്കൊന്നും ഞാനെന്ന കഥാപാത്രത്തെ അറിയുകയും ഇല്ലായിരുന്നു...”

ഞാന്‍ തീര്‍ത്ത പുകമറയ്ക്കപ്പുറമിരുന്നു കൂട്ടുകാരി പൊട്ടിച്ചിരിച്ചു .
 
“നീ കൊടുത്ത ഇമോഷണല്‍ ഫ്രീഡം നന്നായി ഉപയോഗിക്കാന്‍ അവള്‍ക്കു അറിയാമായിരുന്നു... മറ്റുള്ളവരുടെ അടുത്ത് ചിലവാകില്ല എന്നുറപ്പുള്ള കാര്യങ്ങള്‍ അവള്‍ നിന്‍റെയടുത്തു നടപ്പാക്കി... നീ മണ്ടനായി മോനേ ...”

കടല്‍ത്തിര ആഞ്ഞടിക്കുന്നുണ്ടായിരുന്നു...രാത്രി ഒന്‍പതു മണി കഴിഞ്ഞെങ്കിലും വിദേശ സഞ്ചാരികളെക്കൊണ്ട് കോവളം ബീച്ച് നിബിഡമായിരുന്നു..

“Excuse me... Where did you get this stuff from?


ഒരു മുഴക്കം പോലെ തോന്നി ആ ശബ്ദം....ഞാന്‍ തലയുയര്‍ത്തി നോക്കി. ദേശീയതയ്ക്കപ്പുറം മനുഷ്യരെ ബന്ധിപ്പിക്കുന്ന പച്ചക്കാടുകളുടെ മണം പിടിച്ചു വന്ന ഒരു സിംഗപ്പൂരുകാരന്‍ ഹാഫ് പാന്റുമിട്ട് നില്‍ക്കുന്നു... പെട്ടെന്നു കൂട്ടുകാരി പറഞ്ഞു :


“You know , this is not legal here.actually we got a small amount far from the city”.

അയാള്‍ പോയി.
ഞാനവളെ നോക്കി. അവള്‍ തിരകളിലെയ്ക്കും ... ഞാന്‍ പറഞ്ഞു :


“പക്ഷെ എനിക്കവളെ വല്യ ഇഷ്ടമായിരുന്നു...അവളെ ഞാന്‍ കെയര്‍ ചെയ്തിരുന്നു ...ഒരു പക്ഷെ എന്നെക്കാളും “
അവള്‍ വീണ്ടും ചിരിച്ചു.

“അതു നിന്‍റെ അടുത്ത കാപട്യം ..നിനക്കൊരിക്കലും നിന്നെക്കാളും മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയില്ല.മനുഷ്യന്‍ ആത്യന്തികമായി തന്നെത്തന്നെ ആണ് സ്നേഹിക്കുന്നത്.നീ അവളോട്‌ നിസ്വാര്‍ത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത് നിന്നെ തന്നെ അവളുടെ മുന്നില്‍ നല്ലവനാക്കി കാണിക്കാന്‍ ആണ്.അപ്പോള്‍ നീ സ്നേഹിക്കുന്നത് നിന്നെത്തന്നെ അല്ലേ?”
ജോയിന്റ് തീര്‍ന്നിരുന്നു .അവളുടെ ശബ്ദവും കടല്‍ത്തിരയുടെ ശബ്ദവും കൂടി തിരിച്ചറിയാന്‍ പറ്റാതെ ആയി.ആകെയൊരു മുഴക്കം...ഈ തീരത്തെ തിരകളാണ്  എന്നെ  ഒരിക്കല്‍ വിഴുങ്ങിയത് എന്ന് ഈ കൂട്ടുകാരിക്ക് അറിയുമോ എന്തോ??  ഞാന്‍ തിരകളോട് മല്ലിടുകയായിരുന്നു...കടല്‍തിരകളുടെ ശക്തമായ ചുറ്റിപ്പൊതിയലുകളെ ആദ്യമൊക്കെ ഞാന്‍ എതിര്‍ത്തു.എന്നിട്ട് തോറ്റു കൊടുത്തു. പിന്നെ ആരൊക്കയോ രക്ഷിച്ചു കരയിലെയ്ക്കും....

കാറില്‍ തിരികെ നഗരത്തിലെത്തുമ്പോള്‍ നഗരമദ്ധ്യത്തിലെ ഒരു മരം നിറയെ ചുവന്ന ലൈറ്റുകള്‍ . പാര്‍ട്ടി സമ്മേളനത്തിനായി അലങ്കരിച്ചത് ആണ്.ആ ചുവപ്പ് എന്നിലേയ്ക്കാഴ്ന്നിറങ്ങുന്നതു പോലെ .. എന്‍റെയുള്ളിലെ പച്ചപ്പ്‌ ആ ചുവപ്പിനുള്ളിലെ ചുവപ്പിന്‍റെ സൌന്ദര്യത്തിലേയ്ക്ക് എന്നെ കൊണ്ടുപോയി....

 • മധുശാല


“എനിക്കവളെ വല്യ ഇഷ്ടായിരുന്നു..അവള്‍ക്കെന്നെയും ....പക്ഷെ എനിക്ക് ഏറ്റവും താല്പര്യം സെക്സില്‍ ആയിരുന്നു. അവള്‍ക്കും അങ്ങനെ തന്നെ..ഞങ്ങടെ ബന്ധത്തിന്‍റെ അടിസ്ഥാനം തന്നെ സെക്സ് ആയിരുന്നു...കുറേ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും മടുത്തു.അങ്ങനെ ഞങ്ങള്‍ പിരിഞ്ഞു . “
തിര പോലെ ചുരുണ്ട മുടി വശങ്ങളിലേയ്ക്ക് ചീകി വെച്ച ചെറുപ്പക്കാരന്‍ പറഞ്ഞു.സേവ്യേഴ്സ് ബാറിലെ മുകളിലത്തെ നിലയില്‍ ഒരു മേശയ്ക്കു ചുറ്റും ഞങ്ങള്‍ നാലുപേര്‍.മീശ മുളയ്ക്കാത്ത ഒരു കൊച്ചു പയ്യന്‍ ,ഒരു മെലിഞ്ഞ താടിക്കാരന്‍ , പിന്നെ തിര പോലെ ചുരുണ്ട മുടിയുള്ള ഈ ചെറുപ്പക്കാരനും. എല്ലാവരുടെയും മുന്നിലെ ഗ്ലാസില്‍ വോഡ്ക. നാലാമനായ എന്‍റെ മുന്നിലെ ഗ്ലാസ്സില്‍ ജെ.ഡി.എഫിന്‍റെ ബ്രാണ്ടി . ഇതില്‍ ഈ ചെറുപ്പക്കാരനെ മാത്രമേ എനിക്ക് പരിചയമുള്ളൂ.. അയാള്‍ പറയുകയാണ്‌ :

“എനിക്ക് സെക്സ് ഒരു ഭ്രാന്താണ്. അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും.ബന്ധങ്ങളുണ്ടാക്കും...അങ്ങനെ എന്തും ...”

ഞാന്‍ കൌതുകത്തോടെ അയാളെ നോക്കി.എനിക്ക് അയാളെ മാത്രമേ ഒരു ചെറിയ പരിചയം എങ്കിലും ഉള്ളൂ.ഇന്ന് ഞാന്‍ പ്രസ്‌ ക്ലബ്ബില്‍ യുക്തിവാദികളുടെ ഒരു സെമിനാറില്‍ ഇരിക്കുകയായിരുന്നു.പെട്ടെന്നിയാള്‍ എന്‍റെ പുറകിലെ കസേരയില്‍ വന്നിരുന്നു. എന്നിട്ട് പതുക്കെ എന്നോട് പറഞ്ഞു :

“എനിക്ക് നിങ്ങള്‍ യുക്തിവാദികളോട് വലിയ എതിര്‍പ്പുണ്ട്.ഞാന്‍ ദൈവ വിശ്വാസി അല്ല . അന്ധവിശ്വാസങ്ങളെ എല്ലാം നിങ്ങള്‍ അങ്ങ് എതിര്‍ത്തു കളയുകയല്ലേ?? പക്ഷെ എനിക്ക് ഇഷ്ടമാണ്. അധികാരമില്ലാത്ത നിഷ്കളങ്കമായ അന്ധ വിശ്വാസങ്ങളെ ..അതിനെ അങ്ങനെ വിശ്വസ്സിക്കുമ്പോഴുള്ള ഒരു സൌന്ദര്യമുണ്ടല്ലോ ? അത് ഞാന്‍ ഇഷ്ടപ്പെടുന്നു “


എന്നിട്ട് അയാള്‍ ശബ്ദം താഴ്ത്തി എന്‍റെ അടുത്തിരുന്ന മനുഷ്യന്‍ കേള്‍ക്കാതെ എന്നോട് പറഞ്ഞു.

“ഇതൊക്കെ ഇങ്ങനെ പച്ചയ്ക്ക് ഇരുന്നു  സംസാരിക്കേണ്ട കാര്യമല്ല...കള്ളുകുടിക്കുന്നോ ?”

ഞാന്‍ ചുറ്റും നോക്കി . എന്നിട്ട് പറഞ്ഞു :

“ഒന്ന് ഈ പ്രോഗ്രാം തീരണം.കാരണം ഞാനും ഇതിന്‍റെ ഒരു ഭാരവാഹി ആണ് . പിന്നെ കാശ് കുറവാണ് .”

അവന്‍ ചിരിച്ചു . എന്നിട്ട് വാതിലിനടുത്തേയ്ക്കു വിരല്‍ ചൂണ്ടി . അവിടെ ഒരു മെലിഞ്ഞ താടിക്കാരന്‍ ടീ ഷര്‍ട്ട് ഇട്ടു നില്‍ക്കുന്നു .

“ദേ അയാള്‍ കാശ് കൊടുക്കും....ഞങ്ങള്‍ പുറത്തുണ്ടാകും “.

അങ്ങനെ ആണ് ഞങ്ങള്‍ ഇവിടെ ഈ മേശയ്ക്കു ചുറ്റും എത്തിയത്. ഗ്ലാസുകള്‍ നിറഞ്ഞു , ഒഴിഞ്ഞു... പുതിയ ബന്ധങ്ങളുടെ തുടക്കമാകാം . ഗ്ലാസുകളെ സാക്ഷി നിര്‍ത്തി. തിരികെ റൂമിലേയ്ക്ക് വരുമ്പോള്‍ എന്‍റെ സ്കൂട്ടറിനു പുറകില്‍ ആ താടിക്കാരനും.എന്‍റെ താമസസ്ഥലത്തിനടുത്ത് ആണത്രേ അയാളുടെ വീട് ! വരുന്ന വഴി ഞങ്ങള്‍ കോഫി ഹൌസില്‍ കയറി രണ്ടു കോഫി വാങ്ങി . കോഫിയുമായി ഞങ്ങള്‍ കോണ്‍ക്രീറ്റ് മുറ്റത്തെയ്ക്ക് ഇറങ്ങി.കോഫി ഗ്ലാസ് മതിലില്‍ വെച്ചിട്ട് അയാള്‍ പറഞ്ഞു :

“എന്‍റെ നാല് വര്‍ഷത്തെ വൈവാഹിക ജീവിതം അവസാനിക്കാന്‍ പോകുന്നു. അതൊരു പരീക്ഷണം ആയിരുന്നു. നിരീശ്വരവാദിയും ലിബറലും ആയ എനിക്കും കടുത്ത മതവിശ്വാസി ആയ അവള്‍ക്കും ഒരുമിച്ചു ജീവിക്കാന്‍ കഴിയുമോ എന്നറിയാന്‍ എന്‍റെയും അവളുടെയും വീട്ടുകാര്‍ക്ക് വേണ്ടി ഞങ്ങള്‍ നടത്തിയ പരീക്ഷണം. പക്ഷെ പരീക്ഷണം പരാജയപ്പെട്ടു. റിസള്‍ട്ട് ആയി ഒരു കുട്ടിയും.അവള്‍ കുറേ ശ്രമിച്ചു നോക്കി അഡ്ജസ്റ്റ് ചെയ്യാന്‍ . പാവം അവള്‍ക്കു കഴിയുന്നില്ല.”

മതിലിനപ്പുറം പുതുതായി പണിഞ്ഞ കോണ്‍ക്രീറ്റ് പാതയ്ക്കപ്പുറം രണ്ടു ഫ്ലാറ്റുകള്‍ . ഉയരങ്ങളിലേയ്ക്കുള്ള അനേകം ജനാലകളില്‍ വെളിച്ചം .അതിലോരോന്നിലും കുറേ മനുഷ്യര്‍ കുടുംബം എന്നാ വേലിക്കെട്ടിനുള്ളില്‍ കഴിയുന്നു.ഇണ ചേരുന്നു .കുട്ടികളെ ഉണ്ടാക്കുന്നു. വളര്‍ത്തുന്നു . എന്നിട്ട് മരിക്കുന്നു . ജനാലകളിലെ വെളിച്ചത്തില്‍ നിന്ന് ഞാന്‍ തല തിരിച്ചു. കോഫി ഒരു സിപ്പ് എടുത്തിട്ട് ഞാന്‍ ചോദിച്ചു :

“ഡിവോഴ്സ് അടുക്കുമ്പോള്‍ നിങ്ങള്‍ക്ക് മനസ്സിന് ഒരു അങ്കലാപ്പ് ഉണ്ടോ? ഒരു ലവ് ഫെയില്വറിന്‍റെ ഫീലിംഗ്? “

അയാള്‍ ചിരിച്ചു .


“ഏയ്‌ ഇല്ല എനിക്ക് തികഞ്ഞ നിസ്സംഗതയാണ് .പക്ഷെ അവള്‍ക്കു ഇത് വലിയ ഷോക്ക് ആകും. അതിനു ഞാന്‍ കാരണക്കാരന്‍ ആയല്ലോ എന്ന വിഷമം. അത്ര മാത്രം .“

 • നടപ്പാത


വിവിധ തരത്തിലുള്ള മനുഷ്യര്‍ നടപ്പാതയിലൂടെ നീങ്ങി.. വീടെത്താന്‍ ധൃതി പിടിച്ചു ഉള്ള ഓട്ടം.ആരൊക്കെയോ അവരെ കാത്തിരിക്കുന്നു. ഒരുമിച്ചു ഭക്ഷണം കഴിക്കാന്‍, സംസാരിക്കാന്‍ ,ഉറങ്ങാന്‍ ഒക്കെ.നടപ്പാതയില്‍ ഞങ്ങളുടെ രണ്ടു വശത്തുമായി ഏതൊക്കെയോ സമരങ്ങളുടെ ബാനറുകള്‍ കെട്ടിയിരിക്കുന്നു. ചില സമരപ്പന്തലുകളില്‍ ആരൊക്കെയോ കിടന്നുറങ്ങുന്നു . ഏതൊക്കെയോ ജനവിഭാഗങ്ങള്‍ ,ഏതൊക്കെയോ സ്ഥലവാസികള്‍ ഒക്കെ അവരുടെ ജീവിതഭാരങ്ങളും പ്രതിഷേധങ്ങളും ഒക്കെ സെക്രട്ടേറിയറ്റിന് മുന്നിലെ ഈ സമരപ്പന്തലുകളില്‍ പ്രദര്‍ശനത്തിനു വെച്ചിരിക്കുന്നു.

“അവളെ നഗരത്തിലേയ്ക്ക് കൊണ്ടുവന്നത് ഞാനായിരുന്നു. ഇവിടെ ഈ നടപ്പാതയില്‍ ഞങ്ങളൊരുമിച്ചു സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു.പിന്നെ എന്തിനോ ഞങ്ങള്‍ പിണങ്ങി . ഒരു പക്ഷെ അവള്‍ സിനിമയില്‍ മറ്റുള്ളവരുടെ നായികയായി അഭിനയിക്കുന്നത് ഒന്നും അംഗീകരിക്കാന്‍ കഴിയാത്ത തരത്തില്‍ ഉള്ള പോസ്സസീവ്നെസ് എനിക്കുണ്ടായിരുന്നിരിക്കാം.”

ഈ സുഹൃത്തിന്‍റെ പഴയ കാമുകി  ഇപ്പോള്‍ ഒരു ബൈസെക്ഷ്വല്‍ ആണ് എന്ന് എന്‍റെ മറ്റൊരു കൂട്ടുകാരി പറഞ്ഞത് ഞാന്‍ ഓര്‍ത്തു. ഇദ്ദേഹവുമായുള്ള ബന്ധം മുറിഞ്ഞപ്പോള്‍ അവള്‍ തന്‍റെ സ്വത്വം കണ്ടെത്തിയിട്ടുണ്ടാകും.

“നീ അറിയ്യോ അവളെ?”
സുഹൃത്തിന്‍റെ ചോദ്യം എന്നെ ഓര്‍മയില്‍ നിന്നും ഉണര്‍ത്തി.

“ഇല്ല ഞാന്‍ പറഞ്ഞു കേട്ടിട്ടേയുള്ളൂ .“
അയാള്‍ ഒരു ചെറു പുഞ്ചിരിയോടെ റോഡിലേയ്ക്ക് വിരല്‍ ചൂണ്ടി.

”ദേ ആ പോണ ബൈക്ക് കണ്ടില്ലേ? അതിന്‍റെ പിന്നിലിരിക്കുന്നത് അവള്‍ ആണ്.”
ഞാന്‍ നോക്കി, നാലുവരിപ്പാതയിലൂടെ പോകുന്ന അനേകം വാഹങ്ങളുടെ ഇടയില്‍ ഒരു സ്പോര്‍ട്സ് ബൈക്കിന് പിന്നില്‍ അത്  ഓടിക്കുന്ന ചെറുപ്പക്കാരനെ ചുറ്റിപ്പിടിച്ചു ഒരു ഇരുനിറക്കാരി ഇരിക്കുന്നു . എന്‍റെയടുതിരിക്കുന്ന ഈ ചെറുപ്പക്കാരന്‍റെ പ്രണയപര്‍വ്വത്തിലെ നായിക. അവളെ ചൂണ്ടിക്കാണിച്ച സുഹൃത്തിന്‍റെ മുഖത്തെ നിസംഗത യഥാര്‍ത്ഥമാണോ ? അറിയില്ല...

 • വിവാഹേതരം


“ഞാനിപ്പോള്‍ പലപ്പോഴും കൊച്ചുകുട്ടികളുടെ നിഷ്കളങ്കതയോടെ ആണ് പെരുമാറുന്നത്.. ഒരു സ്ത്രീ സുഹൃത്തിനോട് എനിക്ക് പ്രണയം .... അതിനെ നിയന്ത്രിക്കാന്‍ നില്‍ക്കാതെ ഞാന്‍ അതിലേയ്ക്ക് വഴുതി വീഴുകയാണ് . അത് നല്ലതാണോ? നീ എന്ത് പറയുന്നു?”
ഇദ്ദേഹത്തിന്‍റെ വിവാഹം ഒരു ആദര്‍ശ-പ്രണയ വിവാഹം ആയിരുന്നു . ഞാന്‍ ഒരു പുഞ്ചിരിയോടെ ചോദിച്ചു :

“വൈഫിനു അറിയുമോ ഈ പുതിയ പ്രണയത്തെപറ്റി?ഇല്ലെങ്കില്‍ ഇത് ആരോഗ്യകരം ആകില്ല...”

അയാളുടെ മുഖം വിളറി .

“ഇല്ല അവളോട്‌ ഇത് ഷെയര്‍ ചെയ്യാന്‍ പറ്റും എന്ന് എനിക്ക് തോന്നുന്നില്ല “
ഞാന്‍ വീണ്ടും പറഞ്ഞു :

“എങ്കില്‍ ഇതില്‍ ഏതെങ്കിലും ഒരു ബന്ധമേ തുടരാന്‍ കഴിയൂ.. അഥവാ അങ്ങനെ തുടരുന്നത് ആകും നല്ലത്. നമുക്ക് മറ്റൊരാളോട് പ്രണയം തോന്നുകയും അത് നമ്മുടെ പങ്കാളിയോട് ഷെയര്‍ ചെയ്യാന്‍ പറ്റാതെ വരുകയും ചെയ്‌താല്‍ നമ്മുടെ പങ്കാളിയുമായുള്ള പ്രണയം മരിച്ചു തുടങ്ങി എന്നാണര്‍ത്ഥം. ഒന്നുകില്‍ നിങ്ങള്ക്ക് അതിനെ കൊല്ലാം. പുതിയ ഒരു പ്രണയത്തെ വളര്‍ത്താന്‍. അല്ലെങ്കില്‍ പുതിയതിനെ മുളയിലെ നുള്ളി പഴയതിനെ സംരക്ഷിക്കാം .ചോയ്സ് നിങ്ങളുടേത് മാത്രം ആണ് .”

 • തീരവും തിരയും  


ഞാനിറങ്ങി നടന്നു.... ബൈക്കുമെടുത്ത്‌ നേരെ കടല്‍ക്കരയിലേയ്ക്ക് ... എന്‍റെ പഴയ പ്രണയിനിയെ ഓര്‍ത്തു ..... നിസ്സംഗത.... മരണത്തെക്കാള്‍ തണുപ്പുള്ള നിസ്സംഗത... അനേകം തിരകള്‍ വന്നു കൊണ്ടിരുന്നു . ഓരോ തിര വരുമ്പോഴും കരയിലെ മണല്‍ത്തരികള്‍ ആവേശത്തോടെ പൊങ്ങിയുയര്‍ന്നു. എന്നാല്‍ തിരയാകട്ടെ , വളരെ ചെറിയ ഒരു സമയം കരയില്‍ ചിലവിട്ട ശേഷം കടലിലേയ്ക്കിറങ്ങി മറ്റനേകം തിരകളെപ്പോലെയായി ....
ഇന്നലെ ഞാനവളെ വിളിച്ചിരുന്നു..എന്‍റെ ഫോണ്‍കാള്‍ അവളെ അതിശയിപ്പിച്ചു എന്ന് തോന്നുന്നു. ഞാന്‍ പറഞ്ഞു :

“എനിക്ക് നിന്നോട് ദേഷ്യവും വിരോധവുമൊന്നുമില്ല എന്ന് പറയാന്‍ ആണ് ഞാന്‍ വിളിച്ചത് . നഗരം വിട്ട് പോകുമ്പോള്‍ നമുക്ക് നല്ല സുഹൃത്തുക്കളായി തന്നെ പിരിയാം.”

അവള്‍ പറഞ്ഞു :


“ഞാനും നിന്നെ വിളിക്കണം എന്ന് കരുതി ഇരിക്കുകയായിരുന്നു . എനിക്ക് തോന്നിത്തുടങ്ങി ഞാന്‍ നിന്നോടല്‍പ്പം ക്രൂരമായി പെരുമാറിയോ എന്ന്...അത് ഏറ്റു പറയണം എന്ന് തോന്നി.നിന്നോടും എനിക്ക് വിരോധം ഒന്നുമില്ല.നമുക്ക് നല്ല സുഹൃത്തുക്കളായി പിരിയാം . “

അങ്ങനെ ആ കഥ തീര്‍ന്നു.
ഞാന്‍ തീരത്തെ മണലിലൂടെ നടന്നു....
ഫോണ്‍ ബെല്‍ അടിക്കുന്നു. എന്‍റെ വളരെ അടുത്ത കൂട്ടുകാരി ആണ് . 

“എവിടെയാടാ? ഇന്നും ആരെങ്കിലും നിന്‍റെയടുത്തു വന്നു കുമ്പസാരിച്ചോ?”

ഞാന്‍ അല്‍പ നേരം ഒന്നും മിണ്ടിയില്ല . എന്നിട്ട് ചോദിച്ചു :

“ഈ നഗരം വിട്ട് പോയിക്കഴിഞ്ഞാല്‍ നീ എന്നെ ഓര്‍ക്കുമോ ? ഈ സൌഹൃദം തുടരാന്‍ നിനക്ക് കഴിയുമോ?”

കുറച്ചു നേരം നിശബ്ദത . എന്നിട്ട് അവള്‍ പതുക്കെ പറഞ്ഞു :

“അറിയില്ല.”

“ഞാന്‍ അങ്ങോട്ട് വിളിക്കാം” .


ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കടലിലേയ്ക്ക് നോക്കി.തീരത്തിന് ഒരിക്കലും ശാന്തിയില്ല . പിന്നെയും പിന്നെയുംതിരകള്‍ വന്നു തീരത്തെ പുല്‍കും.സ്വന്തമെന്നു തോന്നിപ്പിക്കും.പിന്നെ ആവേശത്തോടെ പൊങ്ങിയുയരുന്ന മണല്‍ത്തരികളെ തീര്‍ത്തും നിരാശരാക്കി മണല്‍ത്തിട്ടിന്‍റെ ഒരു തുണ്ടും അടര്‍ത്തിയെടുത്തു കടലിലേയ്ക്കിറങ്ങി മറയും...........
 
(നിയമപ്രകാരമുള്ള മുന്നറിയിപ്പ് :
മദ്യം,മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരം .)


16 comments:

 1. (നിയമപ്രകാരമുള്ള മുന്നറിയിപ്പ് :മദ്യം,മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്തുക്കളുടെ ഉപയോഗം ആരോഗ്യത്തിനു ഹാനികരം .)

  ReplyDelete
 2. ഇത് നീ എഴുതിയത് ആണോ ..................... നിന്റെ സ്വന്തം രചന ആണെങ്കില്‍ , അഭിനന്ദനങ്ങള്‍ ........... വളരെ നന്നായിട്ടുണ്ട്

  ReplyDelete
 3. എനിക്കും ഒരു ബ്ലോഗു ഉണ്ട് ,ഞാന്‍ കുറെ കാലം ആയി അവിടെ ഒന്ന് തിരിഞ്ഞു നോക്കിയിട്ട് .അതിലെ ഒരു പ്രശ്നം ,എനിക്ക് സാങ്കേതിക ഞ്ജാനം കുറവ് ആണ് എന്നതാണ് ,നിങ്ങളുടെ ബ്ലോഗു പേജു പോലെ മനോഹരം ആക്കാന്‍ എനിക്ക് അറിയില്ല , നിങ്ങളുടെ എഴുത്തില്‍ നീലയും ചുവപ്പും മഞ്ഞയും ഒക്കെ ചേര്‍ന്ന് അരികുകളില്‍ ധാരാളം പുസ്തകങ്ങള്‍ അടുക്കി വച്ചു ,അങിനെ കാണുവാന്‍ ഭംഗി ഒക്കെ ആയിട്ടാണ് , എന്റെ സന്താനത്തെ എനിക്ക് തിരിഞ്ഞു നോക്കാന്‍ മനസ്സ് വരാത്തത് ഇത് പോലെ സുന്ദരമല്ല എന്നത് കാരണവും ,സംയപരിമിതിയും ഒക്കെ കാരണം ആണ് , എഴുത്തില്‍ പ്രണയവും കടലും , ആല്ത്മവിചാരവും ഒക്കെ ഭംഗി ആയി അവതരിപ്പിച്ചിരിന്നു ,പക്ഷെ ഗൌരവം ഉള്ള ചിന്തകളും , അതെ പോലെ ആക്ഷേപ ഹാസ്യങ്ങളും ഒക്കെ ചേര്‍ക്കണം , കാലിക പ്രാധാന്യം ഉള്ള വിഷയങ്ങളും ഉള്‍ക്കൊള്ളിക്കുക വേണം ,അപ്പോഴല്ലേ ബ്ലോഗും കാലികമാകൂ,, അഭിനന്ദ ങ്ങളോടെ

  ReplyDelete
 4. നന്നായി സുധീഷ്‌
  ഇനിയും ധാരാളം എഴുതുക..കാഴ്ചകള്‍ ഹൃദയത്തിലേക്കും കടലാസിലെക്കും പകര്‍ത്തുക..അക്ഷരങ്ങളില്‍ കവിത സൂക്ഷിക്കുക
  ഹൃദയപൂര്‍വം
  രജീഷ് പാലവിള

  ReplyDelete
 5. “അതു നിന്‍റെ അടുത്ത കാപട്യം ..നിനക്കൊരിക്കലും നിന്നെക്കാളും മറ്റൊരാളെ സ്നേഹിക്കാന്‍ കഴിയില്ല.മനുഷ്യന്‍ ആത്യന്തികമായി നിന്നെത്തന്നെ ആണ് സ്നേഹിക്കുന്നത്.നീ അവളോട്‌ നിസ്വാര്‍ത്ഥ സ്നേഹം പ്രകടിപ്പിക്കുന്നത് നിന്നെ തന്നെ അവളുടെ മുന്നില്‍ നല്ലവനാക്കി കാണിക്കാന്‍ ആണ്.അപ്പോള്‍ നീ സ്നേഹിക്കുന്നത് നിന്നെത്തന്നെ അല്ലേ?”.....Right on rails dear.You prove brutally innocent therein. Wish u great blogging.

  ReplyDelete
 6. HEY,, YOU PROVED.......!!!!!!!!! LOVE AND LOST CREATE WONDERS...!!!!!!

  ReplyDelete
 7. നന്നായിരിക്കുന്നു സുധീഷ്. ഈ അനുഭവങ്ങൾ ഏറെക്കുറെ സമകാലീനമാണ്. ഈ അപ്ഡേഷൻ പ്രസക്തവുമാണ്. ഭാഷയിലും ക്രാഫ്റ്റിലും അല്പം കൂടെ ശ്രദ്ധയാവാം. രൂപവും ഉള്ളടക്കവും തമ്മിലുള്ള ലയനമത്രേ
  കൃതിയുടെ സൌന്ദര്യം.!

  ReplyDelete
 8. Looking to see your penning go beyond just doodling ... wishes Sudheesh

  ReplyDelete
 9. പല കുറിപ്പുകളും വളരെ വളരെ ഇഷ്ടമായി...
  ചിലത് ഭാഷ കൊണ്ടും,ചിലത് വിഷയം കൊണ്ടും, ചിലത് സമീപനം കൊണ്ടും..
  നിഷ്കളങ്കമായും ആത്മാര്‍ഥമായും എഴുതുമ്പോള്‍ നിന്റെ ഭാഷക്കൊരു പ്രത്യേക ഭംഗി വരുന്നുണ്ട്... രാഷ്ട്രീയ വീക്ഷണങ്ങളോട് പല വിയോജിപ്പുകളും ഉണ്ടെങ്കിലും അവനവനോടു പുലര്‍ത്തുന്ന ആത്മാര്‍ഥത ഈ എഴുത്തിനെ ആസ്വാദ്യമാക്കുന്നു..

  സംഭാഷണങ്ങളുടെ ഈ കൊളാഷില്‍ ആദ്യത്തെ ചീന്ത്('കടല്‍ത്തീരം'), ഭാഷാശൈലിയില്‍ മറ്റുള്ളവയില്‍ നിന്നും തികച്ചും വേറിട്ടുനില്‍ക്കുന്നു.. ഇതാണ്‌ എനിക്കേറ്റവും ഇഷ്ടമായത്..(ഞാന്‍ ഉള്‍പ്പെട്ട സംസാരമായതുകൊണ്ടല്ല...:P) 'തീരവും തിരയും', 'പച്ചപ്പ്'എന്നിവയും കൂടുതല്‍ ഇഷ്ടമായവയില്പ്പെടുന്നു.. അനുഭവങ്ങളുടെയും സംഭാഷണങ്ങളുടെയും ത്രിമാനത, എഴുത്തിന്റെ ദ്വിമാന തലത്തിലേക്കു ലളിതമായി വിവര്‍ത്തനം ചെയ്യാനുള്ള ഈ ആര്‍ജ്ജവത്തെ അഭിനന്ദിക്കുന്നു..എല്ലാ ഭാവുകങ്ങളും..

  ReplyDelete
 10. Orupaadorupaad ishtamayi........ congrats............

  ReplyDelete

അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തൂ....