Saturday, November 15, 2014

ഒരു റാഷണല്‍ പ്രണയലേഖനം

പ്രിയപ്പെട്ട കൂട്ടുകാരി,

പ്രണയത്തിന്റെയും ചുംബനത്തിന്റെയും വിശകലനങ്ങള്‍ അവസാനിക്കുന്നില്ല. തികഞ്ഞ റാഷണല്‍ എന്ന് സ്വയം അവകാശപ്പെടുന്ന , അല്ലെങ്കില്‍ അങ്ങനെ ആകാന്‍ ശ്രമിക്കുന്ന എനിക്ക് നിന്നെ പ്രണയിക്കാന്‍ കഴിഞ്ഞതിലൂടെ എന്റെ റാഷണലിസത്തെ തകര്‍ത്തു കളഞ്ഞു എന്ന നിന്റെഅവകാശവാദത്തെ ഞാന്‍ പൂര്‍ണ്ണമായും തള്ളിക്കളയുന്നില്ല.
അതിനു കാരണമുണ്ട്. 


എന്റെ പ്രേമത്തിന്‍റെ സ്വഭാവത്തില്‍ അല്‍പ്പം പൊസ്സസീവ്നെസ് ഉണ്ട്.ഞാന്‍ ഒരാളെ പ്രണയിക്കുമ്പോള്‍ എന്റെ ലോകം അവരിലേയ്ക്ക് ചുരുങ്ങാറുണ്ട് പലപ്പോഴും. അത്തരം മനശാസ്ത്രമുള്ള എന്നെപ്പോലെ ഒരാള്‍ അതിനെ റെസിപ്രോക്കെറ്റ് ചെയ്യാന്‍ കഴിയുന്ന ഒരാളെ പ്രണയിക്കുന്നതാകും നല്ലത് എന്നത് യുക്തിപരമായ ഒരു ചിന്തയാണ്.
( പൊസ്സസ്സീവ്നെസ് അത്രയ്ക്ക് മോശം വികാരമല്ല എന്നാണു പ്രിയപ്പെട്ടവളെ ഞാന്‍ വിശ്വസിക്കുന്നത്.അത് മെക്കാനിക്സിലെ ഫ്രിക്ഷന്‍ പോലെയാണ്.അതില്ലെങ്കില്‍ പലതും അസാദ്ധ്യമാണ്.അത് അധികമായാല്‍ നമുക്ക് പലതും നഷ്ടപ്പെടുകയും ചെയ്യും പക്ഷെ അത് അതിന്റെ പാരമ്യത്തില്‍ പേട്രിയാര്‍ക്കിയുടെ അധികാരപ്രയോഗം മാത്രമാണ്.
ഉദാഹരണത്തിന് തന്റെ മരണശേഷം പോലും തന്റെ ഭാര്യമാര്‍ മറ്റൊരാളെ പങ്കാളിയായി സ്വീകരിക്കരുത് എന്ന് ചിന്തിച്ചിരുന്ന ഒരു പ്രവാചകനുണ്ട് ചരിത്രത്തില്‍.തന്റെ അത്തരം അധമചിന്തകളെ അവതരിപ്പിക്കാനാകണം അദ്ദേഹം സ്വയം പ്രവാചകനായി അവരോധിച്ചു മറ്റൊരു അദൃശ്യനായ ദൈവത്തിന്റെ ജിഹ്വയായി മാറിയത്. പക്ഷെ അയാളെ തോല്‍പ്പിച്ചത് അയാളുടെ ഏറ്റവും ഇളയ ഭാര്യയായിരുന്നു.തന്നെ ആറു വയസ്സില്‍ വിവാഹം കഴിച്ച ശേഷം പത്തൊന്‍പതു വയസ്സില്‍ -തനിക്കു എന്നെന്നേക്കുമായി ലൈംഗികതയും പ്രണയവും നിഷേധിക്കുന്ന ദൈവവചനവും നല്‍കി- അയാള്‍ മരിക്കുമ്പോള്‍ അവള്‍ അയാളോട് പ്രതികാരം ചെയ്ത രീതി മനോഹരമായിരുന്നു. അയാളുടെ ലൈംഗികതയില്‍ അടക്കമുള്ള സ്വകാര്യ ദൌര്‍ബ്ബല്യങ്ങളെ ലോകത്തോട്‌ വിളിച്ചു പറഞ്ഞു അയാളുടെ ആത്മീയ/ജീവിത ചര്യകളുടെ ചരിത്രത്തിന്റെ ഭാഗമാക്കുന്നതില്‍ അവള്‍ വിജയിച്ചു. ).

പക്ഷേ നീ പൊസ്സസീവ്നെസ് ഇഷ്ടപ്പെടാത്തയാളും പ്രേമത്തിന്റെ ബഹുസ്വരതയെ പ്രണയിക്കുന്നവളുമാണ് എന്ന തിരിച്ചറിവ് എനിക്കുണ്ട്. ആ തിരിച്ചറിവിലും ഞാന്‍ നിന്നിലെയ്ക്കടുക്കുന്നു എന്നതാണ് ഞാന്‍ ചെയ്യുന്ന ഇറാഷണല്‍ ആയ പ്രവൃത്തി.കാരണം ഞാന്‍ അല്‍പ്പം പോസ്സസീവ് ആണല്ലോ? ... 

വികാരങ്ങള്‍ നല്‍കുന്ന താല്‍ക്കാലിക സന്തോഷങ്ങള്‍ക്ക്‌ വേണ്ടി ഞാന്‍ ഇറാഷണല്‍ ആകുന്നുണ്ടാകാം. നീര്‍ക്കുമിളകളിലെ വര്‍ണ്ണരാജി എനിക്കിഷ്ടമാണ് .അത് ചിലപ്പോള്‍ പൊട്ടിപ്പോയെക്കാം.. പക്ഷേ അത് പൊട്ടാന്‍ സാധ്യതയുണ്ടെന്നും അത് സൃഷ്ടിക്കുന്ന ശൂന്യത എന്നെ മഥിക്കാന്‍ സാധ്യത ഉണ്ടെന്നുമുള്ള തിരിച്ചറിവു ഉണ്ടാകുന്നതു തന്നെ യുക്തിപരമാണ്.ആ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും.
നീ പറഞ്ഞത് പോലെ യുക്തിപരമായ ദ്വിഗുണങ്ങള്‍ക്കിടയില്‍ (binary ) വ്യക്തിവികാരങ്ങളെ ഒരിക്കലും അളക്കാന്‍ കഴിയില്ല . അത് തീര്‍ച്ചയായും തരംഗാകൃതിയില്‍ (sinusoidal ) ആണ് ഗ്രാഫിക്കല്‍ ആയി വിതരണം ചെയ്യപ്പെട്ടിരിക്കുന്നത്..പക്ഷെ അങ്ങനെ തരംഗാകൃതിയില്‍ പോകുന്ന സിഗ്നലുകളെപ്പോലും ദ്വിഗുണമുള്ള അക്കങ്ങളാക്കി ശേഖരിക്കാന്‍ കഴിവുള്ള ശാസ്ത്രത്തെയും യുക്തിചിന്തയെയും ഞാന്‍ ഒരിക്കലും തള്ളിപ്പറയില്ല ചതുരവടിവുകള്‍ക്കപ്പുറത്തുള്ള വക്രരൂപങ്ങളെയും സമവാക്യങ്ങളുടെ നിയമപരിധിക്കുള്ളില്‍ കൊണ്ട് വരാനും പഠിക്കാനും കഴിയും എന്ന് സാരം... ആ നിയമങ്ങളെ അനുസരിക്കുന്നതും അനുസരിക്കാതെയിരിക്കുന്നതും വ്യക്തിപരമായ ചോയ്സ് ആണ്.
അപ്പോള്‍ പറഞ്ഞു വന്നത് റാഷണല്‍ ആയിക്കൊണ്ട്‌ തന്നെ നിന്നെ ഇറാഷണല്‍ ആയി പ്രണയിക്കാന്‍ എനിക്ക് കഴിയും....

No comments:

Post a Comment

അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തൂ....